4/2/10

ഭൂമി തട്ടിയെടുക്കുന്ന റാക്കറ്റ്‌ സംസ്ഥാനത്ത്‌ ശക്തിപ്രാപിക്കുന്നു

സര്‍ക്കാറില്‍ നിക്ഷിപ്‌തമായ ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി തട്ടിയെടുക്കുന്ന റാക്കറ്റ്‌ സംസ്ഥാനത്ത്‌ ശക്തിപ്രാപിച്ചതായി ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും റവന്യൂ വകുപ്പിലെ ചിലരുടേയും ഒത്താശയോടെയാണ്‌ ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്‌ ആക്ഷേപം. റവന്യൂ, വനം, വൈദ്യൂതി മന്ത്രിമാരുടെ മൗനാനുവാദത്തോടെ ഏക്കര്‍കണക്കിന്‌ ഭൂമി ഈ സംഘം കൈക്കലാക്കുന്നതിനെ കുറിച്ച്‌ തങ്ങള്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാണെന്നും പി യു സി എല്‍ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. പി എ പൗരന്‍ സിറാജിനോട്‌ പറഞ്ഞു. സാധാരണക്കാരന്‌ സ്വന്തമായി വീടുവെക്കാന്‍ ഒരുസെന്റ്‌ ഭൂമിപോലും വാങ്ങാന്‍ സാധിക്കാത്ത ഉയരത്തിലേക്ക്‌ ഭൂമിവില വളര്‍ന്ന സാഹചര്യത്തിലാണ്‌ വേലിതന്നെ വിളവുതിന്നുന്നതായി ആരോപണമുയരുന്നത്‌. റാക്കറ്റുകള്‍ക്കൊപ്പം ചേര്‍ന്ന്‌ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ ബിനാമിപ്പേരിലാണ്‌ ഭൂമികൈക്കലാക്കുന്നത്‌. ഒരു ജില്ലാ കലക്‌ടറും അട്ടപ്പാടിയില്‍ ഇത്തരത്തില്‍ ഭൂമി സംമ്പാദിച്ചവരില്‍ ഉള്‍പ്പെടുമെന്നും അഡ്വ. പി എ പൗരന്‍ ആരോപിച്ചു. സംസ്ഥാനത്ത്‌ ശേഷിക്കുന്ന വനങ്ങള്‍ പോലും കുറുക്കുവഴികളിലൂടെ കൈയേറുന്ന സംഭവങ്ങളാണ്‌ നിരന്തരമായി ഉണ്ടാകുന്നത്‌. വയനാട്ടില്‍ കുട്ടപ്പന്‍ പട്ടയങ്ങളുടെ ചുവടുപിടിച്ച്‌ വിതരണം ചെയ്‌ത നൂറുകണക്കിന്‌ രവീന്ദ്രന്‍ പട്ടയങ്ങളുടെ മറവില്‍ മൂന്നാറിലെ സര്‍ക്കാര്‍ ഭൂമികളില്‍ പലതും സ്വകാര്യഭൂമിയായതുപോലെ മറ്റുജില്ലകളിലും ഇത്തരം ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നാണ്‌ വ്യക്തമായ സൂചന.സംസ്ഥാനത്തെ ഭൂപരിഷ്‌ക്കരണം വിപ്ലവകരമായ മാറ്റത്തിനു വഴിവെച്ചുവെന്ന്‌ അവകാശപ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ പോലും ഭൂമിയില്ലാത്തവന്റെ വേദനകാണാന്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപം പരക്കെയുണ്ട്‌. മലപ്പുറം ജില്ലയില്‍ മാത്രം മുപ്പതിനായിരം കുടുംബങ്ങളാണ്‌ ഭവന രഹിതരായുള്ളത്‌. മൂന്നാറില്‍ ഇടിച്ചു നിരത്തുന്ന കെട്ടിടങ്ങളുടെ കല്ലും കട്ടയും കൊണ്ട്‌ ഭവന രഹിതര്‍ക്ക്‌ വീടുവെച്ചു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ പ്രഖ്യാപനം. റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ അല്‍പം കൂടി കടന്ന്‌ പ്രഖ്യാപനം നടത്തി. മൂന്നാര്‍ മലകളില്‍ തോട്ടം ഉടമകള്‍ കയ്യേറിയ തോട്ടം ഭൂമിയും മറ്റുള്ളര്‍ കയ്യടക്കിവെച്ച പുറമ്പോക്കുഭൂമിയും പാട്ട വ്യവസ്ഥ ലംഘിച്ച്‌ കെട്ടിടങ്ങള്‍ നിര്‍മിച്ച ഭൂമിയും പിടിച്ചെടുത്ത്‌ കേരളപ്പിറവി ദിനത്തില്‍ ഭൂരഹിതര്‍ക്കായി വിതരണം ചെയ്യുമെന്നുമായിരുന്നു മന്ത്രിയുടെ ഉറപ്പ്‌. രണ്ടാം ഭൂപരിഷ്‌ക്കരണത്തിന്‌ പുനര്‍ജന്മം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചുവെങ്കിലും ഭൂരഹിതര്‍ക്ക്‌ ഭൂമി ലഭ്യമാകുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ കൈകൊണ്ടിട്ടില്ലെന്നാണ്‌ വ്യക്തമാകുന്നത്‌. ഭൂമിക്കായി സമരമുഖത്ത്‌ ഉറച്ചു നില്‍ക്കുന്നവരെ നയിക്കുന്നവരും ഇതാവര്‍ത്തിക്കുന്നു.വിവിധ ജില്ലകളില്‍ നിരവധികുടുംബങ്ങള്‍ക്ക്‌ പട്ടയം നല്‍കാനായി ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. അവിടെ വിതരണം ചെയ്‌ത പട്ടയങ്ങളില്‍ പ്രഖ്യാപിച്ച ഭൂമിയുണ്ടായിരുന്നില്ലെന്നാണ്‌ പട്ടയം ലഭിച്ച കുടുംബങ്ങള്‍ പറയുന്നത്‌. വ്യാജ രേഖകള്‍ സൃഷ്‌ടിച്ച്‌ ചില ഉദ്യോഗസ്ഥരാണ്‌ ഈ ഭൂമികള്‍ കൈക്കലാക്കിയതെന്നാണ്‌ ഇവര്‍ ആരോപിക്കുന്നത്‌. മലപ്പുറം മങ്കട വില്ലേജില്‍പ്പെട്ട ഷാജഹാന്‍ ഇവരില്‍പ്പെട്ട ഒരാളാണ്‌. 33 കുടുംബങ്ങള്‍ക്കായിരുന്നു ഇവിടെ അന്‍പത്‌ സെന്റ്‌ ഭൂമി അനുവദിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. ഇതുപ്രകാരം വിതരണവും നടന്നു. എന്നാല്‍ കുടുംബങ്ങള്‍ക്ക്‌ ലഭിച്ചത്‌ മുപ്പത്‌ സെന്റിനുള്ള രേഖയാണ്‌. ബാക്കിയുള്ള ഭൂമി ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തതായി ഷാജഹാന്‍ ആരോപിക്കുന്നു. ഇതിനെതിരെ പരാതിയുമായി ചെന്നവരെ ഡെപ്യൂട്ടി കലക്‌ടര്‍ പോലും കബളിപ്പിക്കുകയാണുണ്ടായതെന്നും ഷാജഹാന്‍ സിറാജിനോട്‌ പറഞ്ഞു.മലപ്പുറം ജില്ലയില്‍ 443 കുടുംബങ്ങള്‍ക്ക്‌ പത്തുസെന്റ്‌ ഭൂമിവീതം വിതരണം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നകാലത്താണ്‌ തീരുമാനിച്ചത്‌. ജില്ലാകലക്‌ടറായിരുന്ന എം ശിവശങ്കരനെ നടപടി എടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു. കെ പി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായശേഷം ജില്ലാ കലക്‌ടറോട്‌ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാര്യക്ഷമമായ നടപടിയുണ്ടായിട്ടില്ലെന്നാണ്‌ ഭൂമിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ പറയുന്നത്‌. സാധാരണക്കാരന്‌ സഹായകമാകുന്ന തീരുമാനങ്ങള്‍ കൈകൊള്ളാന്‍ അധികൃതര്‍ ഒരുക്കമാവുന്നില്ലെന്നും നടപ്പാക്കുന്ന തീരുമാനങ്ങളില്‍ ക്രിത്രിമവും ക്രമക്കേടുകളുമുണ്ടെന്നുമാണ്‌ ആരോപണം ശക്തമാവുമ്പോഴും ഇവര്‍ക്കെതിരെ ആര്‌ നടപടിയെടുക്കുമെന്നാണ്‌ നാട്ടുകാരുടെ ചോദ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ