29/10/10

സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ ഭാഗം ഒന്ന്‌

ഒന്ന്‌

  
ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിലെ കൊണ്ടോട്ടി അങ്ങാടി.അന്ന്‌ ഇന്നത്തെപ്പോലെ കറുത്ത മിനുത്ത റോഡുകളില്ല. നിരത്തു വക്കുകളില്‍ ഇരമ്പി പായുന്ന വാഹനങ്ങളില്ല. മനുഷ്യരുടേയും വാഹനങ്ങളുടേയും തിക്കും തിരക്കുമില്ല. എങ്കിലും കൊണ്ടോട്ടിക്കും കൊണ്ടോട്ടി ചന്തക്കും അന്നും പേരും പെരുമയുമുണ്ട്‌.


റോഡുകള്‍ക്ക്‌ ഇരുവശങ്ങളിലുമായി ഓല മേഞ്ഞ ഷെഡ്ഡുകള്‍. അങ്ങിങ്ങ്‌ വൈക്കോല്‍ മേഞ്ഞ പുരയിടങ്ങള്‍, എവിടെയൊക്കെയോ ഓടിട്ട ചില കെട്ടിടങ്ങള്‍. അവക്കു മുമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാളവണ്ടികള്‍, അലക്ഷ്യമായി മേഞ്ഞു നടക്കുന്ന കാലികള്‍, അതായിരുന്നു കൊണ്ടോട്ടിയുടെ വാണിജ്യ സിരാകേന്ദ്രം. അവിടെ തന്നെയാണ്‌ പപ്പടത്തെരുവ്‌.


കാര്‍ഷിക ഉത്‌പന്നങ്ങളുമായി നടന്നും കാള വണ്ടികളിലും ചന്തയിലെത്തുന്നവര്‍. അങ്ങാടി സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും വന്നിരുന്നവര്‍. കോഴിക്കോട്ടേക്കോ ദൂര ദിക്കുകളിലേക്കോ പുറപ്പെടാനായി ബസ്‌ കാത്തു നില്‍ക്കുന്നവര്‍. അങ്ങനെ അങ്ങാടി എപ്പോഴും സജീവം. പകല്‍ സമയങ്ങളില്‍ ബഹളമയം.


പപ്പടത്തെരുവില്‍ നിന്ന്‌ പപ്പടക്കാരികളുടെ ശബ്‌ദഘോഷങ്ങള്‍. അവിടെ അവര്‍ പപ്പടം ഉണ്ടാക്കി വില്‍ക്കുകയാണ്‌. വാചക കസര്‍ത്തില്‍ തെരുവിന്റെ ഭരണം എന്നും അവര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ആയിരം നാവുള്ള പപ്പടക്കാരികള്‍. അവരില്‍ നിന്ന്‌ വേറിട്ടു കേള്‍ക്കുന്ന ഒരു ശബ്‌ദമുണ്ട്‌. അത്‌ ആയിഷുമ്മയുടേതാണ്‌.


അമ്പലവന്‍ ആയിഷുമ്മ. പപ്പടത്തെരുവിലെ ഇത്തിള്‍ വില്‍പ്പനക്കാരി. ഇത്തിളും വാളന്‍പുളിയും അങ്ങനെയുള്ള ലൊട്ടുലൊടുക്കു സാധനങ്ങളുമായിട്ടായിരുന്നു ആയിഷുമ്മ ചന്തയിലെത്തിയിരുന്നത്‌. ആയിഷുമ്മ തന്റേടിയായിരുന്നു. ആരെയും കൂസാത്ത പ്രകൃതം. ആര്‍ക്കു മുമ്പിലും പതറാത്ത ധൈര്യം. ആരെ വേണമെങ്കിലും ചോദ്യം ചെയ്യാനുണ്ടായിരുന്ന ധീരത. അതായിരുന്നു പ്രകൃതം. പെണ്ണുങ്ങള്‍ക്കിടയില്‍ ആണായി പിറന്ന അപൂര്‍വ ജന്മം. എപ്പോഴെങ്കിലും അവര്‍ തോറ്റിട്ടുണ്ടെങ്കില്‍ അത്‌ മകന്‍ കുഞ്ഞാലിയുടെ സ്‌നേഹത്തിനു മുമ്പില്‍ മാത്രമായിരുന്നു.


കുഞ്ഞാലി.
ആ ധീരത പെറ്റുപോറ്റിയ മകന്‍. അവനു വേണ്ടിയുള്ളതായിരുന്നു അവരുടെ ജീവിതം. ഭര്‍ത്താവ്‌ ഒരുനാള്‍ അവരെ വിട്ടുപോയി. ആ സങ്കടം ഉള്ളിലൊതുക്കുമ്പോഴും ആയിഷുമ്മ തളര്‍ന്നില്ല. അടുക്കളക്കപ്പുറത്തെ ലോകങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ അന്യമായിരുന്ന ഒരു കാലമായിരുന്നു അത്‌. പ്രത്യേകിച്ചും മുസ്‌ലിം കുടുംബങ്ങളിലെ സ്‌ത്രീകള്‍ക്ക്‌. പക്ഷെ, ആയിഷുമ്മക്കു മാത്രം ആ നിബന്ധനകള്‍ പാലിക്കുവാനായിരുന്നില്ല. കുലമഹിമയും കുടുംബ മഹിമയും ഒത്തിണങ്ങിയ ഒരു തറവാട്ടിലായിരുന്നില്ലല്ലോ അവര്‍ ജനിച്ചു വീണത്‌. ബന്ധുബലവും ഉണ്ടായിരുന്നില്ല. സഹായിക്കാനും ആരുമില്ല. അവരുടേയും മകന്റേയും വയറുകള്‍ പുലരണമെങ്കില്‍ അവര്‍ തന്നെ കഷ്‌ടപ്പെടണമായിരുന്നു.

കുഞ്ഞാലി.
ചെറുപ്പം മുതലേ സമര്‍ത്ഥനായിരുന്നു. അസാമാന്യ ധൈര്യശാലി. കാര്യങ്ങളെ എളുപ്പം ഗ്രഹിക്കാനുണ്ടായിരുന്ന ബുദ്ധി വൈഭവം. ബാപ്പ നേര്‍ത്തൊരോര്‍മയായിരുന്നു കുഞ്ഞാലിക്ക്‌. പിന്നെ ഉമ്മയായിരുന്നു എല്ലാം. ഉമ്മക്ക്‌ കുഞ്ഞാലിയും കുഞ്ഞാലിക്ക്‌ ഉമ്മയും. ഇല്ലായ്‌മകള്‍ക്കു നടുവിലും ആ ഉമ്മയും മകനും കൊണ്ടോട്ടി അങ്ങാടിയിലെ ചെറിയ കുടിലില്‍ കഴിഞ്ഞു പോന്നു.


ആയിഷുമ്മ എന്നും രാവിലെ ചന്തയിലേക്ക്‌ കച്ചവടത്തിനിറങ്ങും. കുഞ്ഞാലി കൂട്ടുകാര്‍ക്കൊപ്പം കളിച്ച്‌ നടക്കും. ഇടക്ക്‌ ചന്തയില്‍ ഉമ്മയുടെ അരികിലും ഓടി എത്തും. ഉമ്മക്ക്‌ മകനേയും മകന്‌ ഉമ്മയേയും അധികനേരം കാണാതിരിക്കാനാവില്ലായിരുന്നു. ആ ഉമ്മയുടേയും മകന്റേയും സ്‌നേഹ ബന്ധം കണ്ട്‌ എല്ലാവരും അമ്പരന്നു.


അടുത്ത വീട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും കൊച്ചുകുഞ്ഞാലി എളുപ്പത്തില്‍ സുപരിചിതനായി. കാരണം ഉമ്മയുടെ അതേ നാക്കു തന്നെയായിരുന്നു മകനും, വായാടി. എന്ത്‌ ചോദ്യത്തിനും കുറിക്കു കൊള്ളുന്ന ഉത്തരങ്ങള്‍ കൊടുക്കും. ആളുകള്‍ അടക്കി പറഞ്ഞു.


ഇത്‌ ഒരു വിളഞ്ഞ വിത്ത്‌ തന്നെ. ആയിഷുമ്മയെ കടത്തി വെട്ടും.
കളിയിലും കേമനായിരുന്നു കുഞ്ഞാലി. സ്‌കൂളില്‍ ചേരും മുമ്പേ അയല്‍പ്പക്കത്തെ കുട്ടികളുടെ നേതാവായി അവന്‍. കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും ആയിഷുമ്മയുടെ മകന്‍ വളര്‍ന്നു. അവന്‌ അഞ്ച്‌ വയസ്‌ കഴിഞ്ഞു. കൊണ്ടോട്ടിയിലെ പ്രൈമറി സ്‌കൂളില്‍ അവനെ ആയിഷുമ്മ കൊണ്ടുപോയി ചേര്‍ത്തി.


വീടിന്‌ അടുത്ത്‌ തന്നെയായിരുന്നു സ്‌കൂള്‍. വരവും പോക്കുമൊന്നും പ്രശ്‌നമായിരുന്നില്ല. സ്‌കൂളുമായി കുഞ്ഞാലി എളുപ്പത്തില്‍ ഇഴുകി ചേര്‍ന്നു. അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയായി മാറി. സഹപാഠികള്‍ക്കിടയിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യവുമായി അവന്‍.


അക്ഷരങ്ങളുമായുള്ള സഹവാസം, അറിവിന്റെ പുതിയ ലോകം. കുഞ്ഞാലിയില്‍ ജിജ്ഞാസ വര്‍ധിച്ചതേയുള്ളൂ. നന്നായി പഠിച്ചു. എളുപ്പത്തില്‍ കാര്യങ്ങളെ ഗ്രഹിച്ചു. ഉയര്‍ന്ന മാര്‍ക്കുനേടി അടുത്ത ക്ലാസുകളിലെത്തി. നാളുകള്‍ കഴിയുംതോറും ജീവിത ചെലവ്‌ കൂടി വന്നു. രണ്ടുപേര്‍ മാത്രമെ വീട്ടിലുള്ളൂ. എന്നിട്ടും ഉമ്മയുടെ കച്ചവടത്തില്‍ നിന്നുള്ള വരുമാനം ഒന്നിനും തികയാതെയായി. വീട്ടു ചെലവ്‌, കുഞ്ഞാലിയുടെ പഠനം, പലപ്പോഴും സന്മനസ്സുള്ളവരുടെ കാരുണ്യമായിരുന്നു തുണയായിരുന്നത്‌.


ബീഡി തൊഴിലാളിയായിരുന്ന അയല്‍വാസി മുഹമ്മദ്‌കാക്കക്ക്‌ കുഞ്ഞാലിയോട്‌ പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. കൊണ്ടോട്ടിയില്‍ തന്നെയുള്ള കമ്പനിയിലായിരുന്നു ജോലി. സ്‌കൂള്‍ കഴിഞ്ഞുള്ള സമയങ്ങളില്‍ അയാളെ സഹായിക്കാമോ എന്ന്‌ അയാള്‍ ആരാഞ്ഞു. കുഞ്ഞാലി സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെ കഞ്ഞാലിക്ക്‌ പുതിയൊരു ജോലി ലഭിച്ചു. പഠനം കഴിഞ്ഞുള്ള കളിക്ക്‌ അവധി കൊടുത്ത്‌ അവന്‍ മുഹമ്മദ്‌കാക്കയുടെ സഹായിയായി. കരുണയുള്ള ഒരു മനുഷ്യന്‌ കഴിയാവുന്ന ചെറിയൊരു കാരുണ്യം.


ബീഡിയില കഴുകി കൊടുക്കണം. പുകയില ഉണക്കിക്കൊടുക്കണം. ബീഡി കെട്ടുന്ന നൂല്‌ കോലില്‍ ഭദ്രമായി കെട്ടിവെക്കണം. ബീഡിയിലയുടേയും പുകയിലയുടേയും അവശിഷ്‌ടങ്ങള്‍ വൃത്തിയാക്കി കൊടുക്കണം. എല്ലാം കഴിഞ്ഞ്‌ തെരപ്പ്‌ കഴിഞ്ഞ ബീഡികള്‍ എണ്ണി കൃത്യമായി കെട്ടി വെക്കണം. ഇങ്ങനെയുളള ചെറിയ ചെറിയ ജോലികളായിരുന്നു ചെയ്യേണ്ടിയിരുന്നത്‌. കൂലി നാലണയായിരുന്നു.


ഉമ്മയെ അത്ര എങ്കിലും സഹായിക്കാനാവുമല്ലോ. കാരണം ഉമ്മയുടെ കഷ്‌ടപ്പാട്‌ അവന്‍ കാണുന്നുണ്ടായിരുന്നു. ബീഡി കമ്പനിയിലെ സഹവാസം മൂലം മറ്റു തൊഴിലാളികള്‍ക്കിടയിലും കുഞ്ഞാലി എളുപ്പത്തില്‍ സുപരിചിതനായി. വാക്കുകളിലെ ദൃഢ നിശ്ചയം, ചെയ്യുന്ന ജോലിയില്‍ പോലും കാണിക്കുന്ന ആത്മാര്‍ത്ഥത, വൃത്തി, വെടിപ്പ്‌, മുതര്‍ന്നവരോടുള്ള ബഹുമാനം, ആരോടും എന്തും തുറന്നു പറയാനുണ്ടായിരുന്ന തന്റേടം, ഇവയെല്ലാമാണ്‌ അവനെ അവര്‍ക്കിടയിലെ പ്രിയപ്പെട്ടവനാക്കിയത്‌. 


ബീഡി കമ്പനിയിലെ തൊഴിലാളികള്‍ എപ്പോഴും തെരപ്പ്‌ ജോലികളില്‍ മുഴകിയിരിക്കും. കാരണം എണ്ണത്തിനായിരുന്നുകൂലി. അതുകൊണ്ട്‌ പത്രം വായിക്കാനൊന്നും നേരമുണ്ടായിരുന്നില്ല. അവര്‍ക്കും ലോകകാര്യങ്ങള്‍ അറിയേണ്ട. നാട്ടുവാര്‍ത്തകള്‍ കേള്‍ക്കേണ്ടെ. ഒരു പത്രം വരുത്തും. അതൊരാള്‍ എല്ലാവരും കേള്‍ക്കേ ഉച്ചത്തില്‍ വായിക്കും. മറ്റുള്ളവര്‍ ജോലി തുടരുന്നതിനിടെ വായനയില്‍ ശ്രദ്ധിക്കും. ഇങ്ങനെ ലോക വിശേഷങ്ങളും നാട്ടുവിശകലനങ്ങളുമായി ബീഡി കമ്പനിയില്‍ നിറയുന്ന ചര്‍ച്ചകളെ കുഞ്ഞാലി സാകൂതം വീക്ഷിച്ച്‌ പോന്നു.


പത്ര വായന ദിവസവും കുഞ്ഞാലി കേട്ടു. ബീഡി കമ്പനിയിലെ തൊഴിലാളികളെല്ലാവരും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരായിരുന്നു. അയല്‍വാസി മമ്മദ്‌ക്കയും സൈതാലി കുട്ടിക്കയുമെല്ലാം, ഈ സമ്പര്‍ക്കം കുഞ്ഞാലിയേയും ആ ചേരിയിലേക്കടുപ്പിച്ചു.
പത്രവായന താത്‌പര്യപൂര്‍വമുള്ള ഒരു ശീലമായി വളര്‍ന്നു. അതിലൂടെ നാടിന്റെ ചരിത്രത്തിലും രാഷ്‌ട്രീയ വര്‍ത്തമാനങ്ങളിലും പ്രത്യേകം താത്‌പര്യവും ജനിച്ചു. വ്യക്തമായ ഒരു രാഷ്‌ട്രീയാഭിനിവേശം ഉണ്ടാക്കി എടുക്കുവാനും സാധിച്ചു.




കുഞ്ഞാലി കൊണ്ടോട്ടി എല്‍ പി സ്‌കൂളില്‍ നിന്നും വിജയിച്ചു. നല്ല മാര്‍ക്കുണ്ടായിരുന്നു. തുടര്‍ന്നും പഠിക്കാന്‍ കുഞ്ഞാലി മോഹിച്ചു. പക്ഷെ, ഉമ്മ നിസ്സഹായയായിരുന്നു.