31/12/10

ഭയപ്പെടുത്തുന്ന കൗമാരക്കാഴ്‌ചകള്‍


ബൈജു സി പി

ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ... കലികാലത്തെ കൗമാരങ്ങള്‍ എന്ന പുസ്‌തകം വായിച്ചു തീരുമ്പോള്‍ ഓരോ വായനക്കാരനും പറഞ്ഞു പോകും. കാരണം ഈ പുസ്‌തകം വിചാരണചെയ്യുന്നത്‌ നമ്മെ തന്നെയാണ്‌. ഈ കുളിമുറിയില്‍ നമ്മളെല്ലാവരും നഗ്നരാണ്‌.
എച്ച്‌ ഐ വി ബാധിതരുടെ അവഗണനകളുടെ നേര്‍ക്കാഴ്‌ചകള്‍ അടയാളപ്പെടുത്തി തയ്യാറാക്കിയ മുറിവേറ്റു വീണവരുടെ സാക്ഷിമൊഴികള്‍ എന്ന പുസ്‌തകത്തിനുശേഷം പത്രപ്രവര്‍ത്തകനായ ഹംസ ആലുങ്ങല്‍ എഴുതിയ കലികാലത്തെ കൗമാരങ്ങള്‍ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട്‌ പ്രശസ്‌തകവി പികെ ഗോപി പറഞ്ഞ വാക്കുകളാണിത്‌.
അത്‌ വെറുതെ പറഞ്ഞതല്ലെന്നും മനസാക്ഷിയുള്ള ഓരോ മനുഷ്യനും അങ്ങനെ ചിന്തിച്ചുപോകുമെന്നുമുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കാരണം ഈ പുസ്‌തകം മുന്നോട്ടുവെക്കുന്നത്‌ സംതൃപ്‌തിയുടെ ആശയങ്ങളല്ല. ഭീതിയുടേയും ആശങ്കകളുടേയും സംഭവ പരമ്പരകളാണ്‌. അതാവട്ടെ ഭാവനയുടെ താലത്തില്‍ മുക്കി വായനക്കാരനെയങ്ങ്‌ ഞെട്ടിച്ചുകളയാം എന്ന്‌ കരുതി എഴുതപ്പെട്ടതുമല്ല.


ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണത്തില്‍ തെളിഞ്ഞ കാഴ്‌ചകളുടെ പിന്നാലെയുള്ള അന്വേഷണമാണിത്‌. വായിച്ചു തുടങ്ങുമ്പോള്‍ തന്നെ വായനക്കാരന്‍ ഞെട്ടുന്നു. മാറുന്ന കാലത്തിനൊപ്പം സമൂഹവും നമ്മുടെ കുട്ടികളും എങ്ങനെ സഞ്ചരിക്കുന്നുവെന്നത്‌ കൂടിയാണ്‌ ഇവിടെ അനാവരണം ചെയ്യുന്നത്‌. ഏതൊക്കെ അഴുക്കു ചാലുകളിലൂടെയാണ്‌ അവര്‍ നീന്തിക്കയറുന്നതെന്നും അതിലേക്കവരെ ആനയിക്കുന്നതാരെല്ലാമാണെന്നും വസ്‌തുതകള്‍ നിരത്തി പറയുകയാണിവിടെ.


ക്യാന്‍സര്‍ പുറംതൊലിയില്‍ നിന്ന്‌ ഏറെ അകലത്തിലെത്തിയിരിക്കുന്നതിനാല്‍ പിന്തിരിഞ്ഞു നടത്തം എങ്ങനെ സാധ്യമാകുമെന്ന പരിഭ്രാന്തിയും ഉയര്‍ത്തുന്നു.
വിഷയത്തോട്‌ ആത്മാര്‍ഥമായും സൂക്ഷ്‌മമായും സമീപ്പിച്ചിരിക്കുന്നു എഴുത്തുകാരന്‍. പ്രശസ്‌തരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചേര്‍ത്തുവെച്ചുകൊണ്ട്‌ തയ്യാറാക്കിയതിനാല്‍ സമഗ്രവും ആധികാരികവുമാണ്‌ ഈ പുസ്‌തകമെന്നു ഉറക്കെ പറയാനാകും. അത്‌ സാക്ഷ്യപ്പെടുത്താന്‍ അവതാരികക്കുപകരം മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, എഴുത്തുകാരായ പി സുരേന്ദ്രന്‍, ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌, മണമ്പൂര്‍ രാജന്‍ ബാബു, കാനേഷ്‌ പൂനൂര്‌ തുടങ്ങിയവരുടെ ലഘു കുറിപ്പുകളുമുണ്ട്‌.


നമ്മെ തന്നെ ഞെട്ടിച്ച ചില സംഭവങ്ങളുടെയും പിറകെയുള്ളയാത്ര അതിനേക്കാള്‍ ഭീതിതമായ ലോകത്തേക്കാണ്‌ കൂട്ടികൊണ്ടുപോകുന്നത്‌.


കൗമാരം. }ഞെരുക്കത്തിന്റേയും പിരിമുറുക്കത്തിന്റേയും ക്ഷോഭത്തിന്റെയും കാലമാണത്‌. സര്‍വതോന്‍മുഖമായ വളര്‍ച്ചയുടെ മാറ്റത്തിന്റെ ഘട്ടം. എല്ലാ കെട്ടുപാടുകളില്‍ നിന്നും ചിറകടിച്ച്‌ പറക്കാന്‍ വെമ്പല്‍കൊള്ളുന്ന പ്രായം. രക്ഷിതാക്കളുടേയും അധ്യാപകരുടേയും ശ്രദ്ധ കൂടുതല്‍ പതിയേണ്ട സമയം. കുട്ടികള്‍ സ്വന്തമായ വ്യക്തിത്വം രൂപവത്‌കരിച്ചു തുടങ്ങുന്നത്‌ ഈ പ്രായത്തിലാണ്‌. അപ്പോഴാണ്‌ അവര്‍ക്ക്‌ കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കേണ്ടത്‌. ഉത്തമവഴികാട്ടികളുടെ തുണയുണ്ടാവേണ്ടത്‌.കുട്ടികളിലെ വൈകാരിക വികസനത്തെക്കുറിച്ച്‌ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അവയിലെല്ലാം മനുഷ്യ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാലഘട്ടമായാണ്‌ മന:ശാസ്‌ത്രജ്ഞര്‍ കൗമാരത്തെ കാണുന്നത്‌.


എന്നാല്‍ നമ്മുടെ സമൂഹത്തിലെ പലകുട്ടികള്‍ക്കും ഈ പ്രായത്തില്‍ വേണ്ടത്ര ശ്രദ്ധയോ പരിചരണമോ ലഭിക്കുന്നില്ല. അതു തന്നെയാണ്‌ പ്രശ്‌നങ്ങളുടെ കാതല്‍. ഇതുമൂലമാണ്‌ പല കുട്ടികളും അപഥസഞ്ചാരങ്ങളിലേക്ക്‌ വഴിനടക്കുന്നതെന്നും കണക്കുകളുടേയും അനുഭവ സാക്ഷ്യങ്ങളുടെയും വെളിച്ചത്തില്‍ സമര്‍ഥിക്കുകയാണ്‌ ഹംസ ആലുങ്ങല്‍.


അഞ്ചു വയസ്സുകാരിയെ പതിമൂന്നുകാരന്‍ ലൈംഗിക പീഡനത്തിരയാക്കി കൊല്ലുന്നു. ഏഴുവയസ്സുകാരി പതിനഞ്ചുകാരന്റെ ഇര. പതിമൂന്നുകാരി പിഴച്ചുപെറ്റെന്ന്‌ മറ്റൊരിടത്ത്‌ വാര്‍ത്ത. ഏഴാം ക്ലാസുകാര്‍ കലാലയ മുറ്റത്ത്‌ നിന്നെ നുണയുന്ന ലഹരിയുടെ പാഠങ്ങള്‍. അവിഹിത അമ്മമാരും അവരുടെകുഞ്ഞുങ്ങളും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. ഇത്തരത്തില്‍ മലയാളികളുടെ വീട്ടകങ്ങളില്‍ നിന്ന്‌ പുറത്തുവരുന്ന കൗമാരക്കാഴ്‌ചകളെയെല്ലാം ഇവിടെ വിചാരണ ചെയ്യുന്നു. പ്രശ്‌നങ്ങള്‍ വിശകലനം ചെയ്‌ത്‌ പ്രതിവിധി നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്‌ ഈ പുസ്‌തകം.


നിയമം എല്ലാ തരത്തിലുമുള്ള പരിരക്ഷയും കുട്ടികള്‍ക്ക്‌ ഉറപ്പ്‌ വരുത്തുന്നുണ്ട്‌. അപ്പോഴും അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഏതുകാലത്തും അത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എവിടെയും ഇളം മനസ്സുകള്‍ അപമാനിക്കപ്പെടുന്നു. ബസ്‌ യാത്രയില്‍, ക്ലാസ്‌ മുറിയില്‍, വീട്ടില്‍, കണ്ണുതെറ്റിയാല്‍ പീഡിപ്പിക്കപ്പെടുന്നു.

 ഇതില്‍ ആണ്‍പെണ്‍ വ്യത്യാസമേയില്ല. കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ മാത്രമല്ല കുട്ടികള്‍ പ്രതികളായി തീരുന്ന സംഭവങ്ങളുടെ വര്‍ധനവിനെക്കുറിച്ചും പുസ്‌തകം ആശങ്കയുടെ ചോദ്യങ്ങളെറിയുന്നു. അതിന്റെ പുതിയ കണക്കുകളും എണ്ണിപ്പറയുന്നുണ്ട്‌.

ഈ പുസ്‌തകം പങ്കുവെക്കുന്ന ആശങ്കകള്‍ സത്യമാണെന്ന്‌ വാര്‍ത്താ മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. കാരണം ഇന്ന്‌ പല കുറ്റകൃത്യങ്ങളിലും അവരുടെ മുഖങ്ങള്‍ കാണുന്നു. പഠനത്തിനിടെ കവര്‍ച്ചാ സംഘങ്ങളായി അവര്‍ വളരുന്നു. അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ പഠനത്തിന്‌ പോകുന്നതിനിടെ മയക്കു മരുന്ന്‌ മാഫിയകളുടെ ഇടനിലക്കാരായി മാറുന്നു. ഇങ്ങനെയുള്ള പല അപഥ സഞ്ചാരത്തിലും സമൂഹത്തിനും രക്ഷിതാക്കള്‍ക്കുമുള്ള പങ്ക്‌ എത്രത്തോളമാണെന്നും ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു.


ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ തെരുവില്‍ പട്ടികടിച്ചും ഉറുമ്പരിച്ചും മരണപ്പെടുകയോ രക്ഷപ്പെട്ടാല്‍ തന്നെ ഗുരുതരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന അവസ്ഥയില്ലാതാക്കാന്‍ നടപ്പാക്കിയ അമ്മത്തൊട്ടിലുകളിലെത്തുന്ന കുഞ്ഞുങ്ങളുടെ ജാതിയും ജാതകവും ഹംസ പരിശോധിക്കുന്നുണ്ട്‌. അത്‌ വ്യക്തമാക്കുന്ന വിവരങ്ങളും നമ്മെ ഞെട്ടിക്കുന്നതാണ്‌. അവിഹിത അമ്മമാര്‍ക്ക്‌ ചില സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ പുതിയ ശരണാലയങ്ങളിലെ കഥകളും നമ്മോട്‌ പറയുന്ന കഥകള്‍ സദാചാര നിരതരായ മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്‌.
ഭയപ്പെടുത്തുന്ന കൗമാരക്കാഴ്‌ചകളില്‍ സര്‍ക്കാറിനേയും നിയമങ്ങളേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്‌ ഹംസ. ആത്മഹത്യ ചെയ്യുന്ന കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങളും വീടുവിട്ടോടുന്നവരുടെ പ്രതിസന്ധികളും തൊഴിലിടങ്ങളില്‍ ജീവിതഭാരം ചുമക്കാന്‍ നിര്‍ബന്ധിതരായ കുഞ്ഞുങ്ങളുടെ ദുരവസ്ഥകളും ലഹരി പതയുന്ന ഗ്രാമങ്ങളെക്കുറിച്ചും എല്ലാം ഇവിടെ ചര്‍ച്ചക്കു വരുന്നു.


എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും കുടുംബമെന്ന പവിത്രവും പാവനവുമായ മഹത്തായ പൈതൃകത്തിന്റെ തകര്‍ച്ചയില്‍ നിന്നുടലെടുത്തതാണെന്നും സമര്‍ഥിക്കുന്നുണ്ട്‌. സംസ്ഥാനശിശു ക്ഷേമ സമിതിയുടെയും ദേശീയ ശിശുവികസന കൗണ്‍സിലിന്റേയും പുരസ്‌കാരങ്ങള്‍ കൂടി ലഭിച്ച ഈ പുസ്‌തകം തീര്‍ച്ചയായും കുട്ടികളെ സ്‌നേഹിക്കുന്ന, കുടുംബത്തെ സ്‌നേഹിക്കുന്ന ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ്‌.

കലികാലത്തെ കൗമാരങ്ങള്‍
ഹംസ ആലുങ്ങല്‍
നളന്ദ പബ്ലിക്കേഷന്‍സ്‌ തൃശൂര്‍
76 പേജ്‌,
വില 50 രൂപ 

1 അഭിപ്രായം:

  1. വര്‍ത്തമാനം ആഴ്‌ചപ്പതിപ്പിന്റെ കഴിഞ്ഞ ലക്കത്തിലെ ഈ ആഴ്‌ചയിലെ പുസ്‌തകം പംക്തിയില്‍ വന്നത്‌.

    മറുപടിഇല്ലാതാക്കൂ