9/8/12

കാട് നീളെ കള്ളവാറ്റ് മൂന്ന്


കേരളത്തിലെ നാല്‍പത് ശതമാനം ആദിവാസികളും ഒരു നേരം മാത്രമെ ഭക്ഷണം കഴിക്കുന്നുള്ളൂ. 2402 കുടുംബങ്ങളാണ് ഈ നിര്‍ഭാഗ്യവാന്‍മാരുടെ പ്രതിനിധികള്‍. ഇവരില്‍ 1354 കുടുംബങ്ങളും കര്‍ഷക തൊഴിലാളികളാണ്. തോട്ടം തൊഴിലാളികളിലുമുണ്ട് ഇത്തരം ഹതഭാഗ്യര്‍. 34,092 കുടുംബങ്ങള്‍ക്ക് ദിവസത്തില്‍ രണ്ടുനേരം മാത്രമേ ഭക്ഷണം ലഭിക്കുന്നുള്ളൂ. മൂന്ന് നേരം അന്നം ലഭിക്കുന്നവരാകട്ടെ 4023 കുടുംബങ്ങളേയുള്ളൂ. 13960 കുടുംബങ്ങള്‍ പോഷകാഹാരമില്ലായ്മയുടെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. ഈ കണക്കുകള്‍ നൂറുശതമാനമല്ല. മൂന്ന് ജില്ലയിലെ ഭാഗികമായ ഫലം കൂടി അറിയാനുണ്ട്. വയനാട് ജില്ലയില്‍ ദിവസത്തില്‍ ഒരുനേരം മാത്രം ഭക്ഷണം ലഭിക്കുന്നവര്‍ 805 പേരുണ്ട്. 14572 പേര്‍ക്കും രണ്ട് തവണയേ ഭക്ഷണം കഴിക്കാന്‍ കഴിയുന്നുള്ളൂ. 1,53181 മനുഷ്യര്‍ക്കിടയില്‍ യഥേഷ്ടം അന്നം ലഭിക്കുന്നവര്‍ 36400 പേരേയുള്ളൂ. 



മലപ്പുറം ജില്ലയില്‍ ഒരു നേരം മാത്രം ലഭിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ കൊണ്ട് വിശപ്പടക്കുന്നവര്‍ 216 പേരുണ്ട്. കര്‍ഷകേതര തൊഴിലാളികളാണിവരില്‍ ഒന്നാമത്(71). രണ്ടാമത് കര്‍ഷക തൊഴിലാളികളും(51). വനവിഭവങ്ങള്‍ ശേഖരിക്കുന്നവരാണ് മുഴുപട്ടിണിക്കാരില്‍ മൂന്നാമത് (40). 1139 പേര്‍ക്കും രണ്ട് നേരമെ ആഹാരം ലഭിക്കുന്നുള്ളൂ. 2058 പേര്‍ക്കേ മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നുള്ളൂവെങ്കില്‍ യഥേഷ്ടം ഭക്ഷണം ലഭിക്കുന്നവര്‍ കേവലം 243 പേരേയുള്ളൂ ജില്ലയില്‍. ഇതില്‍ എണ്‍പത് ശതമാനവും നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്. നിലമ്പൂരിലെ എട്ട് പഞ്ചായത്തില്‍ മാത്രം 604 പേര്‍ക്ക് രണ്ട് നേരമെ ആഹാരം ലഭിക്കുന്നുള്ളൂ. ഒരു നേരം മാത്രം ലഭിക്കുന്നവര്‍ 124 പേരുണ്ട്. 1342 പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നുവെങ്കില്‍ യഥേഷ്ടം ഭക്ഷണം ലഭിക്കുന്നവര്‍ കേവലം 120.
ആദിവാസി വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്നവര്‍ പണിയ വിഭാഗത്തിലാണ്. കാട്ടുനായ്ക്കരും മുതുവാന്‍മാരുമാണ് രണ്ടാം സ്ഥാനത്ത്. ഇവരുടെ കോളനികളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അകാല മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം 284 പണിയരാണ് അഞ്ചു വര്‍ഷത്തിനിടെ മരിച്ചത്. ഇവരില്‍ 107 പേരുടേയും പ്രായം 44ല്‍ താഴെയാണ്. ഏറ്റവും കൂടുതല്‍ വിധവകള്‍ ഉള്ളതും ഇവര്‍ക്കിടയില്‍ തന്നെ.

പത്താം വയസ്സില്‍ ലഹരി വഴിയിലേക്ക് 

രാവിലെ ഊരുകളില്‍ നിന്നും കാടുകളിലേക്ക് വിഭവങ്ങള്‍ ശേഖരിക്കാനും തോട്ടങ്ങളിലേക്ക് പണിക്കുമിറങ്ങുമ്പോഴും പുരുഷന്‍മാര്‍ ചായപോലെ കുടിക്കുന്നു ചാരായം. പല കുടിലുകളിലും രാവിലെ ഭക്ഷണം പാകം ചെയ്യാറില്ല. ഭക്ഷണ സാധനങ്ങള്‍ കിട്ടിയില്ലെങ്കിലും നിര്‍ബന്ധമില്ല. രാവിലെ ഉന്മേഷത്തിന് ഒരു ഗ്ലാസ് ചാരായം കിട്ടിയേ തീരൂ. ജോലിക്കായി മുതലാളിയുടെ വീട്ടിലെത്തിയാല്‍ അവരും ഉണര്‍വിനും ഉന്മേഷത്തിനുമായി നല്‍കുന്ന മരുന്ന് ചാരായമോ മുന്തിയ ഇനം മദ്യമോ ആണെന്ന് പെരുവമ്പാടം കോളനിയിലെ ചേന്ദന്‍ പറയുന്നു. ചേന്ദന്‍ ഇത്തരത്തില്‍ മദ്യം കഴിക്കുന്നയാളാണ്. പലപ്പോഴും ഭക്ഷണമില്ലാതെ മദ്യം മാത്രം കഴിക്കാറുണ്ടെന്നും ഇയാള്‍ സമ്മതിക്കുന്നു. ഒരു നേരം ഭക്ഷണം കഴിക്കുന്നവരും ദിവസത്തില്‍ മൂന്ന് നേരമെങ്കിലും മദ്യപിക്കുന്നുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
വയനാട് ജില്ലയിലെ മേപ്പാടി, പടിഞ്ഞാറെത്തറ, സുല്‍ത്താന്‍ ബത്തേരി തുടങ്ങി ഒട്ടനവധി സ്ഥലങ്ങളില്‍ മുതലാളിമാര്‍ ഈ രീതി ഇന്നും പിന്തുടരുന്നു. അതെല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. സ്ഥിരമായി കൃഷിചെയ്യുന്നവര്‍ക്കെല്ലാം ആദിവാസികളുടെ സേവനം കൂടിയേ തീരൂ. അവരെ പ്രലോഭിപ്പിക്കാന്‍ ആദ്യം മദ്യമാണ് വിളമ്പുന്നത്. ജോലിക്ക് ആളെ തേടി വരുന്ന മുതലാളിയുടെ കയ്യില്‍ കുപ്പികാണും. ഇത് വരാന്‍ മടിക്കുന്നവരെ വീഴ്ത്താനുള്ളതാണ്. വാഹനത്തില്‍ നിന്നേ കുപ്പി കാണിച്ചാണിവരെ പ്രലോഭിപ്പിക്കുന്നതെന്ന് പടിഞ്ഞാറെത്തറയിലെ ഇടത്തരം കര്‍ഷകനായ സോളമന്‍ പറഞ്ഞു. കുപ്പി കണ്ടില്ലെങ്കില്‍ അവര്‍ വരില്ല. കുപ്പിയുണ്ടെങ്കിലോ രണ്ട് ദിവസത്തെ പണി ഒറ്റ ദിവസം കൊണ്ട് ചെയ്യാന്‍ തയ്യാറാകുമെന്നും സോളമന്‍. 
പത്തു മണിക്ക് കഞ്ഞിയോ ചായയോ ആണ് സാധരണ കഴിക്കുന്നത്. എങ്കില്‍ ഇവര്‍ക്ക് അപ്പോഴും വേണ്ടത് മദ്യമാണ്. ഇതിനൊപ്പം മറ്റു ഭക്ഷണം കഴിച്ചെന്നും വരാം. ഇല്ലെന്നും വരാം. ഭക്ഷണം കഴിക്കാതെയുള്ള മദ്യപാനവും അമിത അധ്വാനവും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയാണ്. ഇതാണിവരുടെ അകാല മരണത്തിന് കാരണമാകുന്നതെന്നും നിലമ്പൂരിലെ പരിസ്ഥിതി പ്രവര്‍ത്തകനായ കെ രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
ചെറുപ്പക്കാരില്‍ പാന്‍പരാഗ് ഉപയോഗിക്കുന്നവരാണധികവും. ഒപ്പം മദ്യപിക്കുകയും ചെയ്യുന്നു. പത്ത് വയസ്സില്‍ തന്നെ ശീലം തുടങ്ങുന്നു. നിവേദ്യമായി കാരണവന്‍മാര്‍ മദ്യം സേവിച്ച് തുടങ്ങുന്നതാണ് കുട്ടികള്‍ കാണുന്നത്. സ്ത്രീകളുപയോഗിക്കുന്നതും കാണുന്നു. പിന്നെ ഭയക്കേണ്ടതില്ലല്ലോ. ഇതൊരു തെറ്റാണെന്ന തോന്നല്‍ ഇവര്‍ക്കില്ലാതാകുന്നു. 15 വയസ്സാകുമ്പോഴേക്ക് ലഹരിയുടെ അടിമകളായി മാറുന്നു. 95 ശതമാനവും ഇവരില്‍ മദ്യപാനം ശീലമാക്കിയവരാണെന്നും മദ്യപിക്കാത്തവര്‍ അഞ്ച് ശതമാനം പോലുമുണ്ടാകില്ലെന്നുമാണ് പോത്തുകല്ലിലെ എസ് റ്റി പ്രമോട്ടറായ ശാന്തയുടെ പക്ഷം. 

കാട് നീളെ കള്ളവാറ്റ്

18 ലിറ്റര്‍ വെള്ളത്തില്‍ ഒന്നര കിലോ പഞ്ചസാരയും മൂന്ന് പാരസെറ്റാമോള്‍ ഗുളികയും രണ്ട് പാളയം കോടന്‍ ചീഞ്ഞ പഴവും രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങി അരച്ചതും ചേര്‍ത്ത് 500 മില്ലിലിറ്റര്‍ കള്ളിന്റെ മട്ടിനോടൊപ്പം കലക്കി ഒരു രാസവസ്തുവും കൂടി (ഇത് എക്‌സാലക്‌സി ഹെന്‍ട്രിന്‍ ആണ്) രാവിലെ ചേര്‍ത്ത് വെച്ചാല്‍ വൈകുന്നേരമാകുമ്പോഴേക്ക് 19 ലിറ്റര്‍ ക്രിത്രിമ കള്ളായി മാറും. ഇത് വയനാട്ടെ ഒരു കോളനിയിലെ കള്ളവാറ്റുകാരനായ വ്യക്തിയുടെ വിശ്വസ്ഥന്റെ വാക്കുകളാണ്. ഈ കള്ളാണ് പലപ്പോഴും കോളനികളില്‍ വിതരണം ചെയ്യുന്നതെന്നും അയാള്‍.
മദ്യം പല കോളനികളിലും വാറ്റുന്നുണ്ട്. മിക്ക വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലും കള്ളവാറ്റ് നിര്‍ബാധം തുടരുന്നു. ചാലിയാറിലെ വെറ്റിലക്കൊല്ലി കോളനിയില്‍ കശുമാങ്ങ വാറ്റിയാണ് സീസണില്‍ നാടന്‍ ചാരായം ഉണ്ടാക്കുന്നത്. കശുമാങ്ങ ലഭ്യമാകാത്തപ്പോള്‍ മറ്റു പലതും ഇതിനായി ഉപയോഗിക്കുന്നു.
നിലമ്പൂരിലെ വല്ലപ്പുഴ, വെണ്ണക്കോട്, കോളനിയിലും വാറ്റ് തുടരുന്നു. നല്ലംതണ്ണി, മുഖര്‍ജിക്കുന്ന്, എന്നിവിടങ്ങളില്‍ സ്ത്രീകള്‍ തന്നെയാണ് വാറ്റുകാര്‍. ഇവര്‍ കുടിക്കുകയും മദ്യം വില്‍ക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ പുറത്ത് നിന്ന് കൊണ്ടു വന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്ന പ്രവണതയാണ് കൂടുതലെന്നും കോളനി വാസികള്‍ പറയുന്നു. ബാറില്‍ നിന്നും കൊണ്ടുവരുന്ന വിലകുറഞ്ഞ മദ്യത്തില്‍ വെള്ളം ചേര്‍ത്ത് ഒരു പെഗിന് 75 രൂപവരെ യാണിവര്‍ വാങ്ങുന്നത്. എന്നാല്‍ ഇവര്‍ തന്നെ വാറ്റിയെടുക്കുന്നതിന് ഒരു കുപ്പിക്ക് 100 രൂപയാണ് ഈടാക്കുന്നത്. വെറ്റിലക്കൊല്ലിയില്‍ ഒരു മാസത്തിനിടെ മൂന്ന് മരണങ്ങളുണ്ടായത് വ്യാജമദ്യം കഴിച്ചിട്ടായിരുന്നുവെന്ന് പറയുന്നു കോളനിവാസിയായ മുരുകന്‍.


നിലമ്പൂരിലെ അരുവാക്കോട് കോളനിയില്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും മദ്യമാഫിയകള്‍ തലപൊക്കിയിരിക്കുന്നു. അരുവാക്കോട് കുംബാരകോളനി വര്‍ഷങ്ങള്‍ക്കു മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞത് ആ പ്രദേശം ചുവന്ന തെരുവായി മാറിയതോടെയായിരുന്നു. ഏറെനാളത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ആ ചീത്തപ്പേരില്‍ നിന്ന് അരുവാക്കോടിന് ശാപമോക്ഷമുണ്ടായി. അവിടെ നിന്നിതാ പുതിയ വാര്‍ത്തകള്‍. ഇവിടുത്തെ സ്ത്രീകള്‍ തന്നെ കള്ളവാറ്റിന് നേതൃത്വം നല്‍കുന്നുവെന്നതാണത്. വിവിധ ആദിവാസി കോളനികളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നുമുണ്ട്. എന്നാല്‍ ഈ കേന്ദ്രത്തെക്കുറിച്ചോ ആദിവാസി കോളനികളിലെ വാറ്റു കേന്ദ്രങ്ങളെക്കുറിച്ചോ പോലീസിലോ എക്‌സൈസിലോ പരാതിപ്പെട്ടാലും പ്രയോജനമില്ല. ചിലപ്പോള്‍ എക്‌സൈസുകാര്‍ സ്ഥലത്തെത്താറുണ്ട്. ഒന്നും കണ്ടെത്താന്‍ കഴിയാറില്ലെന്ന് മാത്രം. അതിന് മുമ്പേ വിവരങ്ങള്‍ കേന്ദ്രങ്ങളിലെത്തിയിരിക്കും. ഇനി കോളനികളിലെ വാറ്റുകാരാരെങ്കിലും കേസില്‍ അറസ്റ്റിലായാലും സ്ഥലത്തെ പ്രധാന ദിവ്യന്‍മാരുണ്ട് ഇറക്കികൊണ്ടുപോകാനെന്നതും കോളനി വാസികളുടെ സാക്ഷ്യം. എന്നാല്‍ വിചിത്രമായ മരണകഥകള്‍ ഇനിയുമുണ്ട്. അതിന് പോലീസ് നല്‍കുന്ന വിശദീകരണങ്ങള്‍ അതിലേറെ രസകരമാണ്. പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലുമുണ്ട് ഈ വിചിത്ര വിശേഷങ്ങള്‍. അതെക്കുറിച്ച് ....

2 അഭിപ്രായങ്ങൾ:

  1. ഹോ!എന്തൊരു ജീവിതം!
    ഒരുവശത്ത് പട്ടിണിയുടെ തീക്ഷണത മാറ്റാന്‍ മദ്യം.
    മറ്റൊരുവശത്ത് സുഖസമൃദ്ധിയിലുള്ള ജീവിതം ആഢംബരമാക്കാന്‍ മദ്യം!!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പേര് കേരളത്തോട് ചേർത്ത് പറയുമ്പോൾ ലജ്ജ തോന്നുന്നു...

    മറുപടിഇല്ലാതാക്കൂ