28/1/12

സഖാവ്‌ കുഞ്ഞാലി; പോരാട്ടങ്ങളുടെ ജീവിതം



അബ്‌ദുള്ള പേരാമ്പ്ര


സവിശേഷമായ ഒരു ജീവിത പരിസരത്ത്‌ നിന്നാണ്‌ ഏറനാട്ടില്‍ കുഞ്ഞാലി എന്ന വിപ്ലവകാരി ജന്മമെടുക്കുന്നത്‌. ഒരുഭാഗത്ത്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം അതിന്റെ എല്ലാ ജീര്‍ണതകളോടും കൂടി വാഴുന്നകാലം. ഒരു നേരത്തെ ആഹാരത്തിന്‌ പോലും വകയില്ലാതെ തൊഴിലാളി സമൂഹവും അധ:കൃതരും നെട്ടോട്ടമോടുന്ന സാമൂഹിക ചുറ്റുപാടുകള്‍. ഭൂപ്രഭുത്വവും, ജീര്‍ണ്ണിച്ച ഫ്യൂഡലിസ്റ്റ്‌ ചിന്താഗതികളും ഒരു ജനതയുടെ മീതെ അധികാരത്തിന്റെ പ്രമത്തത അടിച്ചേല്‍പ്പിക്കുകയും, അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ നിസ്സഹായരായി തീരേണ്ടിവന്ന പാര്‍ശ്വവത്‌കരിക്കപ്പെട്ട സമൂഹവും...ഈ പ്രത്യേക സാമൂഹിക ചുറ്റുപാടില്‍ നിന്നാണ്‌ കുഞ്ഞാലിയെന്ന വിപ്ലവ നക്ഷത്രത്തിന്റെ രംഗപ്രവേശം.

ധീരനായ ഒരു വിപ്ലവകാരിയെക്കുറിച്ചുള്ള ചരിത്രമെഴുത്ത്‌ ഒരുകാലത്തും എളുപ്പമായ ദൗത്യമല്ല. കുഞ്ഞാലിയെക്കുറിച്ചുള്ള ഒരു ജീവ ചരിത്രത്തിന്‌ വേണ്ടിയുള്ള കാത്തിരിപ്പ്‌ നീണ്ടുപോകാനുണ്ടായ കാരണമതാകാം. വൈകിയാണെങ്കിലും ആ കൃത്യം ഏറെ ഭംഗിയായി പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹംസ ആലുങ്ങല്‍ നിര്‍വഹിച്ചിട്ടുണ്ട്‌. ഒറ്റയിരുപ്പിന്‌ വായിച്ച്‌ പോകാന്‍ കഴിയുന്ന ശൈലികൊണ്ട്‌ അനുഗ്രഹീതമാണ്‌ സഖാവ്‌ കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം എന്ന കൃതി. ഹംസയിലെ സര്‍ഗാത്മക എഴുത്തുകാരന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്‌ ഈ പുസ്‌തകത്തെ ഒരു നോവലിന്റെ ആഖ്യാനതലത്തിലേക്ക്‌ ഉയര്‍ത്തിയത്‌. അയ്‌തന ലളിതമായ ഭാഷയും വളച്ചുകെട്ടില്ലാത്ത രചനാരീതിയും ഈ കൃതിയെ ആത്മകഥാ സാഹിത്യത്തിന്റെ പൊതു നടപ്പില്‍ നിന്ന്‌ മാറ്റി പ്രതിഷ്‌ഠിച്ചിരിക്കുന്നു. വി വി ദക്ഷിണാമൂര്‍ത്തി ആമുഖത്തില്‍ പറഞ്ഞത്‌ പോലെ ഇത്‌ നോവലിന്റെ പാരായണ സുഖം നല്‍കുന്ന പുസ്‌തകമാണ്‌. 

ഹ്രസ്വമെങ്കിലും തന്റെ ജീവിതം കൊണ്ട്‌ അദ്ദേഹം ഏറനാടിന്റെ ചരിത്രം മറ്റൊരു വഴിയേ തിരിച്ചുവിട്ടു. ആര്‍ക്കും നിഷേധിക്കാന്‍ വയ്യാത്ത വിധം ആ ജീവിതം അധ്വാനിക്കുന്നവന്റേയും ശബ്‌ദമില്ലാത്തവന്റേയും അടയാള വാക്യമായി. കരിക്കാടന്‍ കുഞ്ഞിക്കമ്മദിന്റേയും അമ്പലന്‍ ആയിശുമ്മയുടേയും ഏക മകനായി കൊണ്ടോട്ടിയില്‍ ജനിച്ച കുഞ്ഞാലിയുടെ നിയോഗം വിപ്ലവ രാഷ്‌ട്രീയത്തിന്റെ അമരക്കാരനായി തീരാനായിരുന്നു.
തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാനും തോട്ടം തൊഴിലാളികളെ സംഘടിച്ച്‌ ശക്തരാക്കാനും കുഞ്ഞാലി നടത്തിയ സഹന സമരങ്ങളും താണ്ടിയ വഴി ദൂരങ്ങളും ചരിത്രപരമായി രചിക്കപ്പെട്ടാല്‍ അത്‌ ഏറനാടിന്റെ മാത്രം ചരിത്രമായല്ല, മറിച്ച്‌ നാല്‍പതുകള്‍ക്ക്‌ ശേഷമുള്ള കേരളത്തിന്റെ വിപ്ലവചരിത്രം കൂടിയായി മാറുന്നുണ്ട്‌. 


കുഞ്ഞാലി രക്തസാക്ഷിയായിട്ട്‌42 വര്‍ഷക്കാലം പിന്നിടുകയാണ്‌. സ്വാതന്ത്ര്യദാഹവും ദേശാഭിമാനവും, സഹജീവി സ്‌നേഹവും (ഹ്യൂമാനിറ്റി) ജ്വലിച്ചു നിന്ന കുഞ്ഞാലിയുടെ പോരാട്ടങ്ങള്‍ ഏറനാട്ടിലെ തൊഴിലാളി സമൂഹത്തിന്‌ മാത്രമല്ല മാതൃകയായത്‌. അത്‌ കേരളക്കരയാകെ ഇളക്കിമറിച്ചു. ഒരര്‍ത്ഥത്തില്‍ യഥാര്‍ത്ഥ വിപ്ലവാഭിനിവേശം ജനമനസ്സുകളില്‍ വേരുറപ്പിക്കാന്‍ കുഞ്ഞാലിയുടെ ഓരോ പ്രവൃത്തിയും, നിലപാടുകളും ചിന്താധാരകളും ഏറെ സഹായിച്ചതായി കാണാം. അതുകൊണ്ട്‌ തന്നെയാണ്‌ വിപ്ലവം എന്ന സംജ്ഞയോട്‌ കുഞ്ഞാലിയുടെ ജീവിതത്തെ ചേര്‍ത്തുവെച്ച്‌ വായിക്കാന്‍ ഏറനാട്ടുകാരിന്നും ആവേശം കൊള്ളുന്നത്‌.
ധീരതയും തന്റേടവുമുള്ള അമ്പലന്‍ ആയിശുമ്മയുടെ ഏക മകനായി 1924 ല്‍ കൊണ്ടോട്ടിയിലായിരുന്നു കുഞ്ഞാലിയുടെ ജനനം. ഉപ്പ കുഞ്ഞാലിക്ക്‌ നേര്‍ത്ത ഒരോര്‍മ്മ മാത്രമായിരുന്നു. ഒരു മുസ്ലിം കുടുംബത്തിലെ സ്‌ത്രീ പൊതു മധ്യത്തിലേക്കിറങ്ങി, എല്ലാ പ്രതിബന്ധങ്ങളേയും തൃണവത്‌കരിച്ച്‌ ഏറനാട്ടില്‍ കഴിഞ്ഞൂ എന്നത്‌ ഈ കാലത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ അത്ഭുതമുളവാക്കുന്ന ഒരു സംഗതിയാണ്‌. 


ഇരുപതുകളിലെ രാഷ്‌ട്രീയ അരാജകത്വവും മതപൗരോഹിത്യ സമൂഹത്തിന്റെ കടുംപിടുത്തങ്ങളും അത്രയ്‌ക്കുമേല്‍ സമൂഹത്തിന്‌ മീതെ അള്ളിപ്പിടിച്ചിരുന്ന സാഹചര്യത്തെയാണ്‌ ഒറ്റയ്‌ക്ക്‌ നിന്ന്‌ ആ മാതാവ്‌ പൊരുതി ജയിച്ചത്‌. ഈ തന്റേടവും, ധൈര്യവും ആവോളം ഉമ്മയില്‍ നിന്ന്‌ മകന്‌ പകര്‍ന്ന്‌ കിട്ടിയിരിക്കണം. പില്‍ക്കാലങ്ങളില്‍ കുഞ്ഞാലി ഏറ്റെടുത്ത തരിശ്‌ പ്രക്ഷോഭ സമരങ്ങളും മിച്ചഭൂമി സമരങ്ങളും കര്‍ഷക മുന്നേറ്റങ്ങളും വിജയത്തിലെത്തിക്കാന്‍ സഹായിച്ചതില്‍ ഉമ്മയുടെ പങ്കും പ്രേത്സാഹനങ്ങളും ചെറുതായിരുന്നില്ല.
ഏറനാടിന്റെ ചെഗുവേരയായി കുഞ്ഞാലിയെ വളര്‍ത്തിയെടുക്കുന്നതില്‍ ഈ ഘടകങ്ങളെല്ലാം സഹായിച്ചിരുന്നു എന്ന്‌ കാണാം. തന്റെ മകനുവേണ്ടി സമര്‍പ്പിച്ച ആ ഉമ്മയുടെ ജീവിതത്തിന്‌ മകന്‍ ജീവിതം തിരിച്ച്‌ നല്‍കിയത്‌ സമൂഹത്തിന്‌ വേണ്ടി അര്‍പ്പിച്ച്‌ കൊണ്ടാണ്‌. ഇത്തിളും പപ്പടവും വിറ്റ്‌ മകനെ പോറ്റിയത്‌ ഒരു ദേശത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെ മാറ്റി മറിക്കാനാണെന്ന്‌ ആ മാതാവ്‌ ഓര്‍ത്തിരിക്കില്ല.
അക്ഷരങ്ങളുമായുള്ള നിരന്തര സഹവാസം, അറിവിന്റെ പുതു ചക്രവാളങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്താനുള്ള ത്വര എന്നിവ കുഞ്ഞാലിയെ വേഗത്തില്‍ തന്നെ രാഷ്‌ട്രീയബോധമുള്ളവനാക്കി. വളരെ ചെറുപ്പത്തില്‍ തന്നെ കാര്യങ്ങള്‍ പഠിച്ച്‌ സ്വായത്തമാക്കാനുള്ള ഒരു പ്രത്യേക കഴിവ്‌ കുഞ്ഞാലിക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സമകാലികര്‍ ഓര്‍ക്കുന്നുണ്ട്‌. 


കുഞ്ഞാലിയുടെ തന്റേടവും ദൃഢനിശ്ചയവും അദ്ദേഹത്തെ ഒരു മികവുറ്റ ജനനേതാവാക്കി. തൊഴിലെടുക്കുന്നവനെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സഖാക്കളാക്കി മാറ്റാന്‍ കുഞ്ഞാലിക്ക്‌ എളുപ്പത്തില്‍ കഴിഞ്ഞു. ഈ ജനകീയതയാണ്‌ അദ്ദേഹത്തെ നിയമസഭവരെ എത്തിച്ചത്‌. 1948 ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ്‌ കല്‍ക്കത്തയില്‍ ചേര്‍ന്നപ്പോള്‍, രാജ്യത്തിന്‌ ലഭിച്ച സ്വാതന്ത്ര്യം യഥാര്‍ത്ഥമല്ലെന്നും രാഷ്‌ട്രീയവും സാമ്പത്തികവുമായ അടിമത്വം നമ്മെ വിട്ടുപോയിട്ടില്ലെന്നും ഏറ്റ്‌ പറയാനും അത്‌ ജനങ്ങളിലെത്തിക്കാനും കുഞ്ഞാലി നേടിയ രാഷ്‌ട്രീയ വിദ്യാഭ്യാസം ചെറുതായിരുന്നില്ല.


കുഞ്ഞാലിയെപോലുള്ള ഒരുവിപ്ലവ നേതാവിന്റെ ജീവിതമെഴുത്ത്‌ ഏറ്റെടുക്കുമ്പോള്‍ ഹംസ ആലുങ്ങല്‍ നേരിടേണ്ടിവന്ന ഒട്ടേറെ വൈതരണികള്‍ ഈ പുസ്‌തകത്തിന്റെ കെട്ടിനേയും മട്ടിനേയും ബാധിച്ചതായി കാണുന്നില്ല. ഒരുപാട്‌ കാലത്തെ തയ്യാറെടുപ്പ്‌ അദ്ദേഹം ഈ കൃതിയുടെ രചനക്കാവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ സംഘടിപ്പിക്കാന്‍ എടുത്തിരിക്കണം. നാല്‍പതുകളിലെ രാഷ്‌ട്രീയ ചരിത്രം ഏറെയൊന്നും വന്നിട്ടില്ല എന്നത്‌ ഒരു പരിമിതിയായി കാണുമ്പോഴും ചരിത്രത്തോട്‌ ഈ കൃതി നീതിപുലര്‍ത്തുന്നുണ്ട്‌ എന്ന്‌ തന്നെ ഉറപ്പിച്ചു പറയാം. ആ അര്‍ത്ഥത്തില്‍ ഉചിതമായ ഒരക്ഷര സ്‌മൃതി തന്നെയാണിത്‌.
ഇല്ലായ്‌മയുടെ ഒരു ലോകത്ത്‌ നിന്നും വിപ്ലവത്തിന്റെ കനല്‍പാതയിലേക്ക്‌ വന്ന്‌ ഒടുക്കം രക്തസാക്ഷിത്വം വരിച്ച ഒരു മഹാ മനുഷ്യനെക്കുറിച്ചുള്ള ഈ പുസ്‌തകത്തില്‍ പഠിക്കാനും പകര്‍ത്താനും പുതുതലമുറക്ക്‌ ധാരാളം വിഭവങ്ങളുണ്ട്‌. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വിപ്ലവാശയങ്ങള്‍ക്ക്‌ എക്കാലവും പ്രസക്തിയുണ്ടെന്നതാണ്‌ ഒരുകാര്യം. പുസ്‌തകത്തെക്കുറിച്ചുള്ള പഠനത്തില്‍ ഡോ. അനില്‍ ചേലേമ്പ്ര പറഞ്ഞത്‌പോലെ, മാര്‍ക്‌സിസത്തിന്റെ പ്രാധാന്യം അവസാനിച്ചുവെന്ന്‌ ലോകം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണല്ലോ ഇങ്ങനെയൊരു കൃതിയുടെ പിറവി.


കോണ്‍ഗ്രസ്‌ ഗുണ്ടകളാല്‍ കൊലചെയ്യപ്പെട്ട കുഞ്ഞാലിയുടെ ഓര്‍മ്മകള്‍ ഒരു ചരിത്ര രേഖയായി മാറന്‍ ഈ പുസ്‌തകത്തിന്‌ കഴിയുമെന്ന കാര്യത്തില്‍ രണ്ട്‌ പക്ഷമുണ്ടാകില്ല. അതുകൊണ്ട്‌ തന്നെ ഈ കൃതിയുടെ രചന ഭംഗിയായി നിര്‍വഹിച്ച ഹംസ ആലുങ്ങലിനും പുസ്‌തകമിറക്കാന്‍ മുന്നിട്ടിറങ്ങിയ പു ക സ യുടെ കാളികാവ്‌ പഞ്ചായത്ത്‌ കമ്മിറ്റിക്കും ഏറെ അഭിമാനിക്കാനുണ്ട്‌.

സഖാവ്‌ കുഞ്ഞാലി ഏറനാടിന്റെ
രക്തനക്ഷത്രം എന്ന പുസ്‌തകത്തെക്കുറിച്ച്‌
ദേശാഭിമാനി വാരികയില്‍ വന്ന നിരൂപണം 

3/1/12

ലൈംഗിക ചന്തയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്‌ വിപണിയില്‍


2011 എന്നെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. എഴുത്തിന്റേയും അംഗീകാരങ്ങളുടേയും കലണ്ടറെടുത്ത്‌ പരിശോധിച്ചാല്‍ സംതൃപ്‌തി പകരുന്നു. ദൈവത്തിന്‌ സ്‌തുതി. പിന്നെ എല്ലാ അഭ്യൂദയാകാംക്ഷികള്‍ക്കും. വിവാദങ്ങളുടേയും അപകീര്‍ത്തികളുടേയും അധ്യായങ്ങളുമുണ്ടവയില്‍. സംഭവിച്ചതെല്ലാം നല്ലതിന്‌. എഴുത്ത്‌ കാര്യമായരീതിയിലൊന്നും പുരോഗമിച്ചില്ലെങ്കിലും ഉള്ളവക്ക്‌ വേണ്ടതുപോലെയുള്ള പരിഗണനയും ചില ബഹുമതികളും തേടിവന്നു എന്നത്‌ സന്തോഷം പകരുന്നു. 

 പത്രപ്രവര്‍ത്തനമികവിന്‌ നാല്‌ പുരസ്‌കാരങ്ങള്‍. ഈ വകയില്‍ കയ്യിലെത്തിയത്‌ 60,000 രൂപ. അവ രണ്ട്‌ മുഖ്യമന്ത്രിമാരില്‍ നിന്നും മൂന്ന്‌ മന്ത്രിമാരില്‍ നിന്നും വാങ്ങാന്‍ സാധിച്ചു എന്നതും ചില്ലറ കാര്യമൊന്നുമല്ലല്ലോ.
എന്നെപോലൊരാള്‍ക്ക്‌ ഇതിലപ്പുറമെന്ത്‌ പ്രതീക്ഷിക്കാനാണ്‌...? രണ്ട്‌ പുസ്‌തകങ്ങളും പുറത്തിറങ്ങി. അതിലൊന്നിന്റെ രണ്ടാം പതിപ്പും വിപണിയിലെത്തിയിരിക്കുന്നു. സഖാവ്‌ കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം എന്ന പേരില്‍ നിലമ്പൂരിന്റെ പ്രഥമ എം എല്‍ എയെകുറിച്ചുള്ളതായിരുന്നു ആദ്യ പുസ്‌തകം. 100 രൂപ വിലയുള്ള പുസ്‌തകം രണ്ടാഴ്‌ചക്കകമാണ്‌ വിറ്റു തീര്‍ന്നത്‌. ബഹുമാന്യനായ പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദനായിരുന്നു പ്രകാശന കര്‍മം നിര്‍വഹിച്ചത്‌. അതും കാളികാവിലെ ജനസാഗരത്തെ സാക്ഷി നിര്‍ത്തി. ദേശാഭിമാനി ചീഫ്‌ എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിയുടെ അവതാരികയും ഡോ. അനില്‍ ചേലേമ്പ്രയുടെ പഠനവും പുസ്‌തകത്തെ സമ്പന്നമാക്കി.നാലു മാസത്തിനുള്ളില്‍ ഈ പുസ്‌തകത്തിന്റെ രണ്ടാം പതിപ്പും പുറത്തിറങ്ങി. ഇതില്‍ വി എസ്‌ അച്യുതാനന്ദന്റെ ആമുഖക്കുറിപ്പും ചേര്‍ക്കാനായി. പോളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണനാണത്‌ പ്രകാശനം ചെയ്‌തത്‌. അതും ഞാനേറെ ബഹുമാനിക്കുന്ന പാലോളി മുഹമ്മദ്‌ കുട്ടിക്ക്‌ നല്‍കി.


ലൈംഗിക വിപണിയില്‍ ആണ്‍കുട്ടികള്‍ എന്ന പേരില്‍ പത്രത്തിലും തുടര്‍ന്ന്‌ ബ്ലോഗിലും മറ്റും പ്രസിദ്ധീകരിച്ചു വന്ന ലേഖന പരമ്പരയും പുസ്‌തകരൂപത്തില്‍ പുറത്തിറങ്ങി. കോഴിക്കോട്‌ വിളംബരം ബുക്‌സ്‌ പ്രസിദ്ധീകരിച്ച പുസ്‌തകം വി വി ദക്ഷിണാമൂര്‍ത്തി വനിതാ കമ്മീഷന്‍ അംഗം പി കെ സൈനബക്ക്‌ നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌. ഈ ലേഖന പരമ്പര പ്രസിദ്ധീകരിച്ചപ്പോള്‍ അഭിനന്ദിച്ചവരും വിമര്‍ശിച്ചവരും ഒരുപാട്‌. ഞാനെഴുതിയ ഒരു ആര്‍ട്ടിക്കിളിന്‌ ഇത്രയേറെ പ്രതികരണങ്ങള്‍ ലഭിക്കുന്നതും ആദ്യമായിരുന്നു. ഇത്രയധികം ആളുകള്‍ വായിച്ചുവെന്നതും ചര്‍ച്ചചെയ്‌തുവെന്നുമുള്ള വിവരംപോലും എന്നെ അതിശയിപ്പിച്ചു. വളരെനാള്‍ അതിന്റെ അലയൊലികള്‍ നീണ്ടുനിന്നു. 



അഭിനന്ദിച്ചവരില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തവരുടെ നീണ്ടനിരയായിരുന്നുവെങ്കില്‍ വിമര്‍ശനശരങ്ങളുടെ കൂരമ്പെയ്‌തവരില്‍ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. കൊന്ന്‌കൊലവിളിക്കലായിരുന്നു ചിലരുടേത്‌.
ചില സൗഹൃദങ്ങള്‍ക്ക്‌ പോലും ഇതേതുടര്‍ന്ന്‌ ഫുള്‍സ്റ്റോപ്പിട്ടു. ഇത്തരമൊരുവിഷയമൊക്കെ ചര്‍ച്ചചെയ്യുന്നതുപോലും ചിലരെ അസ്വസ്ഥരാക്കി. അതേചൊല്ലിയും ഭൂകമ്പങ്ങള്‍ നിറഞ്ഞു. സൈബര്‍ ലോകത്ത്‌ സ്വവര്‍ഗാനുരാഗികളെ അനൂകൂലിക്കുന്ന ചിലരുടെ അക്രമത്തിനും ഇരയായി. മറ്റു ചില സൈറ്റുകള്‍ ഇതെടുത്ത്‌ പുനപ്രസിദ്ധീകരിച്ചു. ആഴ്‌ചകളോളം അവിടെയും കലാപം പടര്‍ന്നു. അനുകൂലിച്ചും പ്രതികൂലിച്ചും പലരുമെഴുതി. ഒരുപാട്‌ ബ്ലോഗര്‍മാരുടെ പ്രതികരണങ്ങള്‍ അതുപോലെ ഇതില്‍ ചേര്‍ത്തിട്ടുണ്ട്‌.


ഒരുകാര്യം പറയട്ടെ. സ്വവര്‍ഗാനുരാഗികള്‍ക്കെതിരെയല്ല ഈ എഴുത്ത്‌. നാട്ടിന്‍പുറങ്ങളില്‍ താത്‌ക്കാലിക ആവശ്യത്തിനായി കൊച്ചുകുട്ടികളെ ഉപയോഗിക്കുന്നവരേയുമല്ല ലക്ഷ്യം വെക്കുന്നത്‌. നമ്മുടെ കുഞ്ഞുങ്ങളെ കബളിപ്പിച്ചും ചൂഷണം ചെയ്‌തും ലൈംഗികമായി ഉപയോഗിക്കുന്നവരുടെ മനോവൈകല്യത്തെ തുറന്ന്‌ കാട്ടാനാണ്‌ ശ്രമിക്കുന്നത്‌. ഏതു കഴുകനും റാഞ്ചികൊണ്ടുപോകാന്‍ കഴിയാത്തവിധം കുഞ്ഞുങ്ങളെ ചിറകിനുള്ളില്‍ കാത്ത്‌ സൂക്ഷിക്കേണ്ട ബാധ്യത രക്ഷിതാക്കളുടേതാണെന്നാണ്‌ ഓര്‍മപ്പെടുത്തുന്നത്‌.
കലികാലത്തെ കൗമാരങ്ങള്‍ എന്നപേരില്‍ എന്റെ ഒരു പുസ്‌തകമുണ്ട്‌. ഒരുപത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദ്യത്തെ അന്വേഷണമായിരുന്നു അത്‌. സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ദേശീയ ശിശുവികസന കൗണ്‍സിലിന്റേയും പുരസ്‌കാരങ്ങള്‍ എന്നെത്തേടിയെത്തിയത്‌ ആ ലേഖന പരമ്പരകളുടെ പേരിലായിരുന്നു. കുട്ടികള്‍ കുറ്റവാളികളാകുന്നതിനെക്കുറിച്ചും കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളിലേക്കുമാണത്‌ വിരല്‍ ചൂണ്ടിയത്‌.


ആ പുസ്‌തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച്‌ പ്രശസ്‌തകവി പി കെ ഗോപി പറഞ്ഞത്‌ ഇതുപോലെയുള്ള പുസ്‌തകങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകാതിരിക്കട്ടേ എന്നായിരുന്നു. കാരണം ഈ പുസ്‌തകം വിചാരണചെയ്യുന്നത്‌ നമ്മെത്തന്നെയാണെന്നും. നിര്‍ഭാഗ്യവശാല്‍ അത്തരത്തിലുള്ള ഒരുപുസ്‌തകം തന്നെയാണിത്‌. അതിനേക്കാള്‍ ഭീകരമായിരിക്കുന്നു കുഞ്ഞുങ്ങളുടെ ലോകം. അവരെ ചൂഷണം ചെയ്യുന്നവരുടെ മനസ്സുകള്‍. അപ്പോള്‍ അതെക്കുറിച്ച്‌ അന്വേഷിക്കാതിരിക്കാനും ചര്‍ച്ചചെയ്യാതിരിക്കാനും എങ്ങനെ കഴിയും...?


അതുകൊണ്ടാണ്‌ ആശങ്കകളുടെ, ഈ എഴുത്തുകളിലും കൗമാര മനസ്സുകളുടെ പുതിയ വഴിത്താരകള്‍ തേടിയിറങ്ങേണ്ടി വന്നത്‌. എന്റെ ബ്ലോഗെഴുത്തിന്‌ മൂന്ന്‌ വയസ്‌ കഴിഞ്ഞിരിക്കുന്നു. ബ്ലോഗില്‍ ഇടപെടുന്നതും എഴുതുന്നതും കുറഞ്ഞു എന്ന്‌ തന്നെ പറയാം. മടി വല്ലാതെ പിടികൂടിയിരിക്കുന്നു. എങ്കിലും ഈ വര്‍ഷമെങ്കിലും നന്നായി തിരിച്ചുവരണമെന്നാഗ്രഹിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഈ കാലത്തിനിടയില്‍ ഇവിടെ വന്നവര്‍ക്ക്‌... വിമര്‍ശന ശരങ്ങളെയ്‌ത്‌ വിടവാങ്ങിയവര്‍ക്ക്‌... ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നവര്‍ക്ക്‌... ഇനിയും വരാനിരിക്കുന്നവര്‍ക്ക്‌...എല്ലാവര്‍ക്കും വൈകിയാണെങ്കിലും ഊഷ്‌മളമായ പുതുവത്സരാശംസകള്‍ നേരുന്നു.